എസ്ഥേർ 5:10-14

എസ്ഥേർ 5:10-14 MALOVBSI

എങ്കിലും ഹാമാൻ തന്നെത്താൻ അടക്കിക്കൊണ്ട് തന്റെ വീട്ടിൽ ചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു. ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മേലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചുപറഞ്ഞു. എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിനും എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിനു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു. അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന് നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിനു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാനു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.