എസ്ഥേർ 3:12-15

എസ്ഥേർ 3:12-15 MALOVBSI

അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെയൊക്കെയും അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപതികൾക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന് അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു. ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ സകല യെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയുംകൂടെ നശിപ്പിച്ച് കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്റെ സകല സംസ്ഥാനങ്ങളിലേക്കും അഞ്ചല്ക്കാർവശം എഴുത്ത് അയച്ചു. അന്നത്തേക്ക് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികൾക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത തീർപ്പിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. അഞ്ചല്ക്കാർ രാജകല്പന പ്രമാണിച്ച് ക്ഷണത്തിൽ പുറപ്പെട്ടുപോയി; ശൂശൻരാജധാനിയിലും ആ തീർപ്പ് പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാൻ ഇരുന്നു; ശൂശൻപട്ടണമോ കലങ്ങിപ്പോയി.