എസ്ഥേർ 1:10-22

എസ്ഥേർ 1:10-22 MALOVBSI

ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു. ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശ്ശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു. രാജ്യധർമത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവ്: ഷണ്ഡന്മാർ മുഖാന്തരം അഹശ്വേരോശ്‍രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധർമപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത് എന്നു ചോദിച്ചു. അതിനു മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്‍രാജാവിന്റെ സർവ സംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു. രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്ത്രീകളും അറിയും; അഹശ്വേരോശ്‍രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും. ഇന്നുതന്നെ രാജ്ഞിയുടെ പ്രവൃത്തികേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകല പ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും. രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അത് മാറ്റിക്കൂടാതവണ്ണം പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം. രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും- അതു മഹാരാജ്യമല്ലോ- പരസ്യമാകുമ്പോൾ സകല ഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും. ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു. ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.