എഫെസ്യർ 6:6-18

എഫെസ്യർ 6:6-18 MALOVBSI

മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെത്തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിൻ. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ. യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെതന്നെ അവരോടു പെരുമാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ്‍വിൻ. ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തുകൊൾവിൻ. നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. സകല പ്രാർഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർഥനയിൽ പൂർണസ്ഥിരത കാണിപ്പിൻ.