ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നത്. അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ. കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്റെ ജല്പനവും ജനിക്കുന്നു. ദൈവത്തിന് നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുത്; മൂഢന്മാരിൽ അവനു പ്രസാദമില്ല; നീ നേർന്നതു കഴിക്ക. നേർന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലത്. നിന്റെ വായ് നിന്റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുത്; ദൈവം നിന്റെ വാക്കു നിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്? സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക. ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും. ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? വേല ചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല. സൂര്യനു കീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക് അനർഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ. ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്റെ കൈയിൽ ഒന്നും ഉണ്ടാകയില്ല. അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവൻ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം? അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു. ഞാൻ ശുഭവും ഭംഗിയുമായി കണ്ടത്: ദൈവം ഒരുത്തനു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ച് സൂര്യനു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതല്ലോ അവന്റെ ഓഹരി. ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാൻ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ. ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്റെ ആയുഷ്കാലം ഏറെ ഓർക്കുകയില്ല.
സഭാപ്രസംഗി 5 വായിക്കുക
കേൾക്കുക സഭാപ്രസംഗി 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സഭാപ്രസംഗി 5:1-20
21 Days
Learn how best to pray, both from the prayers of the faithful and from the words of Jesus Himself. Find encouragement to keep taking your requests to God every day, with persistence and patience. Explore examples of empty, self righteous prayers, balanced against the pure prayers of those with clean hearts. Pray constantly.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ