യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാൻ ഞാൻ പർവതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പർവതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു. നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നത്. അപ്പോൾ യഹോവ എന്നോട്: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു. ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു; എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു. അങ്ങനെ ഞാൻ തിരിഞ്ഞു പർവതത്തിൽനിന്ന് ഇറങ്ങി; പർവതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കൈയിലും ഉണ്ടായിരുന്നു. ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു. അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടു കൈയിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു. പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകല പാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല. യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരേ കോപിച്ച കോപവും ക്രോധവും ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. അഹരോനെ നശിപ്പിക്കുമാറ് അവന്റെ നേരേയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനു വേണ്ടിയും അപേക്ഷിച്ചു. നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാൻ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പർവതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.
ആവർത്തനപുസ്തകം 9 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 9:9-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ