അനന്തരം യഹോവ മോശെയോട്: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവയ്ക്കു കല്പന കൊടുക്കേണ്ടതിന് അവനെ വിളിച്ച് നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിനു മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. എന്റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർഥങ്ങൾ നമുക്കു ഭവിച്ചത് എന്ന് അവർ അന്നു പറയും. എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരേ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് വായ്പാഠമാക്കികൊടുക്കുക. ഞാൻ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരേ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കുംമുമ്പേ ഇന്നുതന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നുതന്നെ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു. പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു. മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചത് എന്തെന്നാൽ: ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വയ്പിൻ; അവിടെ അത് നിന്റെ നേരേ സാക്ഷിയായിരിക്കും. നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്ക് അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾതന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം? നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരേ ആകാശത്തെയും ഭൂമിയെയും സാക്ഷിവയ്ക്കും. എന്റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്ക് അറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർഥം ഭവിക്കും. അങ്ങനെ മോശെ യിസ്രായേലിന്റെ സർവസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലി കേൾപ്പിച്ചു.
ആവർത്തനപുസ്തകം 31 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 31
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 31:14-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ