ആവർത്തനപുസ്തകം 28:23-47

ആവർത്തനപുസ്തകം 28:23-47 MALOVBSI

നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരുമ്പും ആകും. യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും. ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരേ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകല രാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും. നിന്റെ ശവം ആകാശത്തിലെ സകല പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാകും; അവയെ ആട്ടിക്കളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകയുമില്ല. ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ട് യഹോവ നിന്നെ ബാധിക്കും. കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണം വരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല. നീ ഒരു സ്ത്രീയെ വിവാഹത്തിനു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വീടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല. നിന്റെ കാളയെ നിന്റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചുകൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല. നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്ക് അടിമകളാകും; നിന്റെ കണ്ണ് ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല. നിന്റെ കൃഷിഫലവും നിന്റെ അധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും. നിന്റെ കണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്ത് പിടിക്കും. സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും. യഹോവ നിന്നെയും നീ നിന്റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും. യഹോവ നിന്നെ കൊണ്ടുപോകുന്ന സകല ജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും. നീ വളരെ വിത്ത് നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെമാത്രം കൊയ്യും. നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല. ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിലൊക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും. നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്ക് ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും. നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും. നിന്റെ ഇടയിലുള്ള പരദേശി നിനക്കുമീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും. അവർ നിനക്കു വായ്പ തരും; അവനു വായ്പ കൊടുപ്പാൻ നിനക്ക് ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ട് ഈ ശാപമൊക്കെയും നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും. അവ ഒരടയാളവും അദ്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും. സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു