ആവർത്തനപുസ്തകം 15:4-15

ആവർത്തനപുസ്തകം 15:4-15 MALOVBSI

ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരേ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും, നിന്റെ കൈ അവനുവേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ട് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം. അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറുംകൈയായിട്ട് അയയ്ക്കരുത്. നിന്റെ ആട്ടിൻകൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവനു കൊടുക്കേണം. നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.