ആവർത്തനപുസ്തകം 1:26-40

ആവർത്തനപുസ്തകം 1:26-40 MALOVBSI

എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു: യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു. എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു. അപ്പോൾ ഞാൻ നിങ്ങളോട്: നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു. ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിനു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല. ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു: ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല. യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു. യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചത്: നീയും അവിടെ ചെല്ലുകയില്ല. നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അതു കൈവശമാക്കിക്കൊടുക്കേണ്ടത്. കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും. നിങ്ങൾ തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ.