ആവർത്തനപുസ്തകം 1:19-35

ആവർത്തനപുസ്തകം 1:19-35 MALOVBSI

പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബർന്നേയയിൽ എത്തി. അപ്പോൾ ഞാൻ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ. ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവർ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു. ആ വാക്ക് എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു. അവർ പുറപ്പെട്ടു പർവതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി. ദേശത്തിലെ ഫലവും ചിലത് അവർ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു. എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു: യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു. എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു. അപ്പോൾ ഞാൻ നിങ്ങളോട്: നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു. ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിനു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല. ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു: ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല.