ആവർത്തനപുസ്തകം 1:19-25

ആവർത്തനപുസ്തകം 1:19-25 MALOVBSI

പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബർന്നേയയിൽ എത്തി. അപ്പോൾ ഞാൻ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ. ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവർ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു. ആ വാക്ക് എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു. അവർ പുറപ്പെട്ടു പർവതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി. ദേശത്തിലെ ഫലവും ചിലത് അവർ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു.