ദാനീയേൽ 9:20-27

ദാനീയേൽ 9:20-27 MALOVBSI

ഇങ്ങനെ ഞാൻ പ്രാർഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഞാൻ എന്റെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്ത് എന്നോട് അടുത്തുവന്നു. അവൻ വന്ന് എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിനു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക. അതിക്രമത്തെ തടസ്സം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴ് ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽത്തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തൻ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണയിക്കപ്പെട്ടിരിക്കുന്നു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.