ദാനീയേൽ 9:1-6

ദാനീയേൽ 9:1-6 MALOVBSI

കല്ദയരാജ്യത്തിനു രാജാവായിത്തീർന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ, അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് യിരെമ്യാപ്രവാചകനുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു. അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിനു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു. എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിച്ച് ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവർത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു. ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകല ജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.