രാജാവ് അതികാലത്ത് എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികെ ചെന്നു. ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന് എന്റെ ദൈവം തന്റെ ദൂതനെ അയച്ച് അവയുടെ വായ് അടച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്ന് ഉണർത്തിച്ചു. അപ്പോൾ രാജാവ് അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുംമുമ്പേ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‍രാജാവ് സർവഭൂമിയിലും വസിക്കുന്ന സകല വംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചുപോകാത്തതും അവന്റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.
ദാനീയേൽ 6 വായിക്കുക
കേൾക്കുക ദാനീയേൽ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 6:19-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ