ദാനീയേൽ 4:34-37

ദാനീയേൽ 4:34-37 MALOVBSI

ആ കാലം കഴിഞ്ഞിട്ട് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതുമല്ലോ. അവൻ സർവഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്ന് അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല. ആ നേരത്തു തന്നെ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്ത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്ത്വം എനിക്ക് അധികമായി സിദ്ധിച്ചു. ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികളൊക്കെയും സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാനും അവൻ പ്രാപ്തൻ തന്നെ.