ദാനീയേൽ 4:1-9

ദാനീയേൽ 4:1-9 MALOVBSI

നെബൂഖദ്നേസർരാജാവ് സർവഭൂമിയിലും പാർക്കുന്ന സകല വംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു ശുഭം വർധിച്ചുവരട്ടെ. അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നന്നെന്ന് എനിക്കു തോന്നിയിരിക്കുന്നു. അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അദ്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു. നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു, അതുനിമിത്തം ഭയപ്പെട്ട്, കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു. സ്വപ്നത്തിന്റെ അർഥം അറിയിക്കേണ്ടതിനു ബാബേലിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തുവന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർഥം അറിയിച്ചില്ലതാനും. ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ: മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താൽപര്യവും അർഥവും പറക.