ദാനീയേൽ 3:1-15

ദാനീയേൽ 3:1-15 MALOVBSI

നെബൂഖദ്നേസർരാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി. നെബൂഖദ്നേസർരാജാവ് പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകല സംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവ് നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്കു വന്നുകൂടുവാൻ ആളയച്ചു. അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകല സംസ്ഥാനപാലകന്മാരും നെബൂഖദ്നേസർരാജാവ് നിർത്തിയ ബിംബത്തിന്റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി, നെബൂഖദ്നേസർ നിർത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു. അപ്പോൾ ഘോഷകൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ, നിങ്ങൾ വീണ്, നെബൂഖദ്നേസർരാജാവ് നിർത്തിയിരിക്കുന്ന സ്വർണബിംബത്തെ നമസ്കരിക്കേണം. ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും. അതുകൊണ്ടു സകല വംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകല വംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ്നേസർരാജാവ് നിർത്തിയ സ്വർണബിംബത്തെ നമസ്കരിച്ചു. എന്നാൽ ആ സമയത്തു ചില കല്ദയർ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി. അവർ നെബൂഖദ്നേസർരാജാവിനെ ബോധിപ്പിച്ചത്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ! രാജാവേ, കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന ഏവനും വീണു സ്വർണബിംബത്തെ നമസ്കരിക്കേണമെന്നും ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീർപ്പു കല്പിച്ചുവല്ലോ. ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല. അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു കല്പിച്ചത്: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?