ദാനീയേൽ 11:29-35

ദാനീയേൽ 11:29-35 MALOVBSI

നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാധ്യമാകയില്ല. കിത്തീം കപ്പലുകൾ അവന്റെ നേരേ വരും; അതുകൊണ്ട് അവൻ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും. അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽ ചെയ്ത് ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും. നിയമത്തിനു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും. ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും; വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.