അവനു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്ന് ഉപായത്തോടെ രാജത്വം കൈവശമാക്കും. പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവുംകൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും. ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ട് അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും. അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തിലെ പുഷ്‍ടിയേറിയ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരേ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ. അവൻ ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്റെ നേരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവൻ ഉറച്ചു നില്ക്കയില്ല. അവന്റെ അന്നംകൊണ്ട് ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും. ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ട് ഒരേ മേശയിങ്കൽവച്ച് ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളൂ. പിന്നെ അവൻ വളരെസമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി മനോഗതം വച്ച്, അത് അനുഷ്ഠിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും. നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാധ്യമാകയില്ല. കിത്തീം കപ്പലുകൾ അവന്റെ നേരേ വരും; അതുകൊണ്ട് അവൻ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും. അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽ ചെയ്ത് ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും. നിയമത്തിനു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും. ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും; വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.
ദാനീയേൽ 11 വായിക്കുക
കേൾക്കുക ദാനീയേൽ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 11:21-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ