രക്ഷപെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്ന് ഞങ്ങൾ ഗ്രഹിച്ചു. അവിടത്തെ ബർബരന്മാർ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെയൊക്കെയും കൈക്കൊണ്ടു. പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ട് അവന്റെ കൈക്കു പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നത് ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്ന് തമ്മിൽ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞുകളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നുവച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു. പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർഥിച്ച് അവന്റെമേൽ കൈ വച്ചു സൗഖ്യം വരുത്തി. ഇത് സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു. അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളത് കയറ്റിത്തന്നു. മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളൊരു അലെക്സന്ത്രിയ കപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസയിൽ കരയ്ക്കിറങ്ങി മൂന്നു നാൾ പാർത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കൻകാറ്റ് അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി. അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു. റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി. മൂന്നു ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞത്: സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമാക്കാരുടെ കൈയിൽ ഏല്പിച്ചു. അവർ വിസ്തരിച്ചാറെ മരണയോഗ്യമായത് ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസ്സുണ്ടായിരുന്നു. എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരേ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും. ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശ നിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നത്. അവർ അവനോട്: നിന്റെ സംഗതിക്കു യെഹൂദ്യയിൽനിന്നു ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല. എങ്കിലും ഈ മതഭേദത്തിന് എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നത് എന്ന് നീതന്നെ പറഞ്ഞു കേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോട് അവൻ ദൈവരാജ്യത്തിനു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർക്കു ബോധം വരുമാറ് രാവിലെതുടങ്ങി സന്ധ്യവരെ വിവരിച്ചു. അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല. അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നത് ശരിതന്നെ. ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്ന് നിങ്ങൾ അറിഞ്ഞുകൊൾവിൻ. അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്‍സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെയൊക്കെയും കൈക്കൊണ്ടു പൂർണപ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.
അപ്പൊ. പ്രവൃത്തികൾ 28 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 28
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 28:1-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ