ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നുനാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്നു യെരൂശലേമിലേക്കു പോയി. അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരേ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു; ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവർ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു; വഴിയിൽവച്ച് അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്; നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്റെ നേരേ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു. അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു. അവൻ വന്നാറെ യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റുംനിന്ന് അവന്റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു. പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ച് പൗലൊസിനോട്: യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ നിനക്ക് സമ്മതമുണ്ടോ എന്ന് ചോദിച്ചതിന് പൗലൊസ് ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അത് നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. ഞാൻ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല; ഞാൻ കൈസരെ അഭയം ചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും എന്ന് ഉത്തരം പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 25 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 25:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ