അപ്പൊ. പ്രവൃത്തികൾ 23:12-22

അപ്പൊ. പ്രവൃത്തികൾ 23:12-22 MALOVBSI

നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികം പേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പേ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോട് അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു. അതിന് അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചുപോകരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപൻ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു.