അപ്പൊ. പ്രവൃത്തികൾ 2:23-41

അപ്പൊ. പ്രവൃത്തികൾ 2:23-41 MALOVBSI

പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു. “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലത്തു ഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവ് ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല. നീ ജീവമാർഗങ്ങളെ എന്നോട് അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷപൂർണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിനു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതു കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.