2 ശമൂവേൽ 22:26-51

2 ശമൂവേൽ 22:26-51 MALOVBSI

ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ. നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു. എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിനു നീ ദൃഷ്‍ടിവയ്ക്കുന്നു. യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. ദൈവത്തിന്റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു. യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളൂ? ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു. അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല. ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി; അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു. എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിനു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി. അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല. ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു. എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും; അവർ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും. അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ടു വരുന്നു. യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു. അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കൈയിൽനിന്നു നീ എന്നെ വിടുവിക്കുന്നു. അതുകൊണ്ട്, യഹോവേ, ഞാൻ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും. അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.