2 ശമൂവേൽ 20:15-19

2 ശമൂവേൽ 20:15-19 MALOVBSI

മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിനു നേരേ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി. അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു. അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്ന് അവൻ പറഞ്ഞു. എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു. ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു.