2 ശമൂവേൽ 18:19-33

2 ശമൂവേൽ 18:19-33 MALOVBSI

അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു. യോവാബ് അവനോട്: നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല എന്നു പറഞ്ഞു. പിന്നെ യോവാബ് കൂശ്യനോട്: നീ കണ്ടതു രാജാവിനെ ചെന്ന് അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു. അതിനു യോവാബ്: എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു. അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്, എന്നാൽ ഓടിക്കൊൾക എന്ന് അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി. എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ച് ഓടി വരുന്നതു കണ്ടു. കാവൽക്കാരൻ രാജാവിനോടു വിളിച്ച് അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നത് എന്നു രാജാവ് പറഞ്ഞു. അവൻ നടന്നടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടി വരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോട്: ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു എന്നു വിളിച്ചുപറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവ് പറഞ്ഞു. ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിനു രാജാവ്: അവൻ നല്ലവൻ; നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചുപറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരേ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അപ്പോൾ രാജാവ് അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയൊരു കലഹം കണ്ടു; എന്നാൽ അത് എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു. നീ അവിടെ മാറിനില്ക്ക എന്നു രാജാവ് പറഞ്ഞു. അവൻ മാറിനിന്നു. ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിന്നോട് എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു. അപ്പോൾ രാജാവ് കൂശ്യനോട്: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു. ഉടനെ രാജാവ് നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.