2 ശമൂവേൽ 10:6-19

2 ശമൂവേൽ 10:6-19 MALOVBSI

തങ്ങൾ ദാവീദിനു വെറുപ്പുള്ളവരായിത്തീർന്നു എന്ന് അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരം പേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരം പേരെയും കൂലിക്കു വരുത്തി. ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകല സൈന്യത്തെയും അയച്ചു. അമ്മോന്യരും പുറപ്പെട്ടു പട്ടണവാതിൽക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു. തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകല വീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേരേ അണിനിരത്തി. ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരേ നിരത്തേണ്ടതിനു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്: അരാമ്യർ എന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും. ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്ക് ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടയ്ക്ക് അടുത്തു; അവർ അവന്റെ മുമ്പിൽനിന്ന് ഓടിപ്പോയി. അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്ന് ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യർ കണ്ടിട്ട് അവർ ഒന്നിച്ചുകൂടി. ഹദദേസെർ ആളയച്ചു നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക് അവരുടെ നായകനായിരുന്നു. അതു ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലാ യിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരേ അണിനിരന്നു പടയേറ്റു. അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു. എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകല രാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‍വാൻ അരാമ്യർ ഭയപ്പെട്ടു.