2 പത്രൊസ് 2:10-22

2 പത്രൊസ് 2:10-22 MALOVBSI

ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ. ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരേ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല. ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്തവഷളത്തത്താൽ നശിച്ചുപോകും. അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളയ്ക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു. അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ. അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു. അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിനു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ. അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു. വഴിതെറ്റി നടക്കുന്നവരോട് ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു. തങ്ങൾതന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.