2 പത്രൊസ് 2:1-10

2 പത്രൊസ് 2:1-10 MALOVBSI

എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം, ഗൊമോറാ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ച് ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കി വയ്ക്കയും അധർമികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്ത് അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു. കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെത്തന്നെ, ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.