2 രാജാക്കന്മാർ 4:11-17

2 രാജാക്കന്മാർ 4:11-17 MALOVBSI

പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: ഞാൻ സ്വജനത്തിന്റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. അവളെ വിളിക്ക എന്ന് അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു. അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.