2 രാജാക്കന്മാർ 24:1-7

2 രാജാക്കന്മാർ 24:1-7 MALOVBSI

അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെശേഷം അവൻ തിരിഞ്ഞ് അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരേ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദായെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരേ അയച്ചു. മനശ്ശെ ചെയ്ത സകല പാപങ്ങളും നിമിത്തം യെഹൂദായെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നെ അവർക്കു ഭവിച്ചു. അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ച് യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറച്ചതും ക്ഷമിപ്പാൻ യഹോവയ്ക്കു മനസ്സായില്ല. യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി. മിസ്രയീംരാജാവിന് മിസ്രയീംതോടുമുതൽ ഫ്രാത്ത്നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവ് പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.