2 രാജാക്കന്മാർ 23:28-33

2 രാജാക്കന്മാർ 23:28-33 MALOVBSI

യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരേ ഫ്രാത്ത്നദിക്കു പുറപ്പെട്ടു; യോശീയാരാജാവ് അവന്റെ നേരേ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവച്ചു കൊന്നുകളഞ്ഞു. അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുവന്ന് അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അഭിഷേകം കഴിപ്പിച്ച് അവന്റെ അപ്പനു പകരം രാജാവാക്കി. യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു. അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവനെ ബന്ധിച്ചു, ദേശത്തിന് നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.