2 രാജാക്കന്മാർ 23:1-20

2 രാജാക്കന്മാർ 23:1-20 MALOVBSI

അനന്തരം രാജാവ് ആളയച്ചു; അവർ യെഹൂദായിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടി വരുത്തി. രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകല നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു. രാജാവു തൂണിനരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചു നടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു. രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോൻ പ്രദേശത്തുവച്ച് അവയെ ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി. യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിനു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്‌വീതിയിൽ വച്ചു ചുട്ടു പൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു. സ്ത്രീകൾ അശേരായ്ക്ക് കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു. അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു. എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളൂ. ആരും തന്റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോംതാഴ്‌വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി. യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിനകത്തുള്ള നാഥാൻ-മേലെക് എന്ന ഷണ്ഡന്റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവ് തകർത്ത് അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു. യെരൂശലേമിനെതിരേ നാശപർവതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി. അവൻ വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറച്ചു. അത്രയുമല്ല, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു. എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ട് ആളയച്ചു കല്ലറകളിൽനിന്ന് അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് അത് അശുദ്ധമാക്കിക്കളഞ്ഞു. ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്ത് എന്ന് അവൻ ചോദിച്ചു. അതിന് ആ പട്ടണക്കാർ അവനോട്: അതു യെഹൂദായിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു. അപ്പോൾ അവൻ: അത് ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുത് എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമര്യയിൽനിന്ന് വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി. യഹോവയെ കോപിപ്പിക്കേണ്ടതിനു യിസ്രായേൽരാജാക്കന്മാർ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു. അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെമേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.