2 രാജാക്കന്മാർ 19:1-13

2 രാജാക്കന്മാർ 19:1-13 MALOVBSI

ഹിസ്കീയാരാജാവ് അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു. പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. അവർ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവ് അയച്ചു പറയിക്കുന്ന വാക്കൊക്കെയും നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടവാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവ് അവരോടു പറഞ്ഞത്: നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾ നിമിത്തം ഭയപ്പെടേണ്ടാ. ഞാൻ അവന് ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാൾകൊണ്ടു വീഴുമാറാക്കും. റബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂർരാജാവ് ലിബ്നയുടെ നേരേ യുദ്ധംചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്ന് അവൻ കേട്ടിരുന്നു. കൂശ്‍രാജാവായ തിർഹാക്ക തന്റെ നേരേ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്. അശ്ശൂർരാജാക്കന്മാർ സകല ദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ? ഹമാത്ത്‍രാജാവും അർപ്പാദ്‍രാജാവും സെഫർവ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?