2 രാജാക്കന്മാർ 18:1-8

2 രാജാക്കന്മാർ 18:1-8 MALOVBSI

യിസ്രായേൽരാജാവായ ഏലായുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കീയാവ് രാജാവായി. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. അവന്റെ അമ്മയ്ക്ക് അബി എന്നു പേർ; അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു. അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിനു ധൂപം കാട്ടിവന്നു; അതിനു നെഹുഷ്ഠാൻ എന്നു പേരായിരുന്നു. അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവനു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല. അവൻ യഹോവയോടു ചേർന്നിരുന്ന് അവനെ വിട്ടുപിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചു നടന്നു. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർഥനായ് വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു. അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.