1 തിമൊഥെയൊസ് 6:11-19

1 തിമൊഥെയൊസ് 6:11-19 MALOVBSI

നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാൺമാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വയ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിനു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.