1 തിമൊഥെയൊസ് 4:1-10

1 തിമൊഥെയൊസ് 4:1-10 MALOVBSI

എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജിക്കേണ്ടതല്ല; ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ. ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകൻ ആകും. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം. അതിനായിട്ടുതന്നെ നാം സകല മനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവച്ച് അധ്വാനിച്ചും പോരാടിയും വരുന്നു.