1 തിമൊഥെയൊസ് 1:12-20

1 തിമൊഥെയൊസ് 1:12-20 MALOVBSI

എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു. മുമ്പേ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താൽ അറിയാതെ ചെയ്തതാകകൊണ്ട് എനിക്കു കരുണ ലഭിച്ചു. നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർധിച്ചുമിരിക്കുന്നു. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനംതന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ. മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി. ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു, അവർ ദൂഷണം പറയാതിരിപ്പാൻ പഠിക്കേണ്ടതിനു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.