നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോട് ആജ്ഞാപിക്കേണ്ടതിന് നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. ആജ്ഞയുടെ ഉദ്ദേശ്യമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹംതന്നെ. ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു ധർമോപദേഷ്ടാക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നത് ഇന്നത് എന്നും സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രഹിക്കുന്നില്ലതാനും. ന്യായപ്രമാണമോ നീതിമാനല്ല, അധർമികൾ, അഭക്തർ, അനുസരണം കെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, ദുർന്നടപ്പുകാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും പത്ഥ്യോപദേശത്തിനു വിപരീതമായ മറ്റ് ഏതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട്, അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതുതന്നെ എന്നു നാം അറിയുന്നു. ഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്ത്വമുള്ള സുവിശേഷത്തിന് അനുസാരമായതുതന്നെ.
1 തിമൊഥെയൊസ് 1 വായിക്കുക
കേൾക്കുക 1 തിമൊഥെയൊസ് 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 1:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ