1 തെസ്സലൊനീക്യർ 5:1-11

1 തെസ്സലൊനീക്യർ 5:1-11 MALOVBSI

സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുംപോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. ദൈവം നമ്മെ കോപത്തിനല്ല, നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.