ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്ന് കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. സൂഫ്ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു. അതിന് അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്ന് അവനോടു പറഞ്ഞു. ശൗൽ തന്റെ ഭൃത്യനോട്: നാം പോകുന്നു എങ്കിൽ ആ പുരുഷന് എന്താകുന്നു കൊണ്ടുപോകേണ്ടത്? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷനു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഭൃത്യൻ ശൗലിനോട്: എന്റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാൻ ദൈവപുരുഷനു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.- പണ്ട് യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.- ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ട് അവരോട്: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. അവർ അവരോട്: ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ട്. നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു. അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരേ വരുന്നു. എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി: നാളെ ഇന്നേരത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു. ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്: ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. ശമൂവേൽ ശൗലിനോട്: ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
1 ശമൂവേൽ 9 വായിക്കുക
കേൾക്കുക 1 ശമൂവേൽ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 9:3-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ