യഹോവ ശമൂവേലിനോട് അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ട് എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു. ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ച് അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോട് അറിയിക്കേണം. അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ച് പറഞ്ഞതെന്തെന്നാൽ: നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിയും വരും. അവൻ അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേർക്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും. അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്ത് തന്റെ ഭൃത്യന്മാർക്കു കൊടുക്കും. അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്ത് തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ച് തന്റെ വേലയ്ക്ക് ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവനു ദാസന്മാരായിത്തീരും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല. എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിനു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം. മറ്റു സകല ജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്ന് അവർ പറഞ്ഞു. ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ട് യഹോവയോട് അറിയിച്ചു. യഹോവ ശമൂവേലിനോട്: അവരുടെ വാക്കു കേട്ട് അവർക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: നിങ്ങൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
1 ശമൂവേൽ 8 വായിക്കുക
കേൾക്കുക 1 ശമൂവേൽ 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 8:7-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ