1 ശമൂവേൽ 25:23-44

1 ശമൂവേൽ 25:23-44 MALOVBSI

അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ. ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെതന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്തം അത്രേ അവന്റെ പക്കൽ ഉള്ളത്. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല. ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. ഇപ്പോൾ യജമാനന്റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാർക്ക് ഇരിക്കട്ടെ. അടിയന്റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. മനുഷ്യൻ നിന്നെ പിന്തുടർന്ന് നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവൻ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും. എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോൾ അകാരണമായി രക്തം ചിന്നുകയും യജമാനൻ താൻ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളേണമേ. ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം. നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ. നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു. പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കൈയിൽനിന്നു വാങ്ങി അവളോട്: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാൻ നിന്റെ വാക്ക് കേട്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു. അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവനു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല. എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി. പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി. നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദയ്ക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവയ്ക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയിൽത്തന്നെ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായി പരിഗ്രഹിക്കേണ്ടതിന് അവളോടു സംസാരിപ്പാൻ ആളയച്ചു. ദാവീദിന്റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്റെ അടുക്കൽ ചെന്ന് അവളോട്: നീ ദാവീദിനു ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൾ എഴുന്നേറ്റ് നിലംവരെ തലകുനിച്ചു: ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു. ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്ന് അവനു ഭാര്യയായിത്തീർന്നു. യിസ്രെയേലിൽനിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ ഇരുവരും അവന്റെ ഭാര്യമാരായിത്തീർന്നു. ശൗലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു കൊടുത്തിരുന്നു.