1 ശമൂവേൽ 2:27-35

1 ശമൂവേൽ 2:27-35 MALOVBSI

അനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം. എന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിനു കൊടുത്തു. തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നത് എന്ത് ? ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു. യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല. നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും. നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും. എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാൻ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാൻ സ്ഥിരമായൊരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.