1 ശമൂവേൽ 17:28-37

1 ശമൂവേൽ 17:28-37 MALOVBSI

അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാൺമാനല്ലേ നീ വന്നത് എന്നു പറഞ്ഞു. അതിന് ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു. ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൗലിനും അറിവുകിട്ടി; അവൻ അവനെ വിളിച്ചുവരുത്തി. ദാവീദ് ശൗലിനോട്: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.