1 ശമൂവേൽ 17:1-30

1 ശമൂവേൽ 17:1-30 MALOVBSI

അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവർ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്ത് ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പേ നടന്നു. അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ട് ശൗലിന്റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കൾ ആദ്യജാതൻ എലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു. യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞത്: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക. ഈ പാൽക്കട്ട പത്തും സഹസ്രാധിപനു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ച് ലക്ഷ്യവും വാങ്ങിവരിക. ശൗലും അവരും യിസ്രായേല്യരൊക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ട്. അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ച്, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്ന് കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടയ്ക്ക് ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരേ അണിനിരന്നുനിന്നു. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവച്ച് അണിയിൽ ഓടിച്ചെന്ന് തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്ന് മുമ്പിലത്തെ വാക്കുകൾതന്നെ പറയുന്നതു ദാവീദ് കേട്ടു. അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽനിന്ന് ഓടി. എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവനു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു. അതിനു ജനം: അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു. അവരോട് അവൻ സംസാരിക്കുന്നത് അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാൺമാനല്ലേ നീ വന്നത് എന്നു പറഞ്ഞു. അതിന് ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു. അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.