അനന്തരം ശൗൽ: നാം രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുത് എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെയൊക്കെയും ചെയ്തുകൊൾക എന്ന് അവർ പറഞ്ഞപ്പോൾ: നാം ഇവിടെ ദൈവത്തോട് അടുത്തുചെല്ലുക എന്നു പുരോഹിതൻ പറഞ്ഞു. അങ്ങനെ ശൗൽ ദൈവത്തോട്: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല. അപ്പോൾ ശൗൽ: ജനത്തിന്റെ പ്രധാനികളൊക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചത് ഏതു കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ; യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാനിൽ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവജനത്തിലും ഒരുത്തനും തുനിഞ്ഞില്ല. അവൻ എല്ലാ യിസ്രായേലിനോടും: നിങ്ങൾ ഒരു ഭാഗത്തു നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു. അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി. പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാനു വീണു. ശൗൽ യോനാഥാനോട്: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാൻ അവനോട്: ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ട് അല്പം തേൻ ആസ്വദിച്ചതേയുള്ളൂ; അതുകൊണ്ട് ഇതാ, ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു. അതിനു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ജനം ശൗലിനോട്: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല. ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
1 ശമൂവേൽ 14 വായിക്കുക
കേൾക്കുക 1 ശമൂവേൽ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 14:36-46
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ