1 ശമൂവേൽ 1:9-20

1 ശമൂവേൽ 1:9-20 MALOVBSI

അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റുപോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു. അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർഥിച്ചു വളരെ കരഞ്ഞു. അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായ് സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി. ഏലി അവളോട്: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിനു ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തത്. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചത്. അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു. അടിയനു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല. അനന്തരം അവർ അതികാലത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമായിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു.