1 രാജാക്കന്മാർ 8:62-66

1 രാജാക്കന്മാർ 8:62-66 MALOVBSI

പിന്നെ രാജാവും എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. ശലോമോൻ യഹോവയ്ക്ക് ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ട് അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽ മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു. യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിനു പോരാതിരുന്നതുകൊണ്ടു രാജാവ് അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുമുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലു ദിവസം ഉത്സവം ആചരിച്ചു. എട്ടാം ദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിനും, തന്റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.